ന്യൂഡല്‍ഹി: ശബരിമലയിൽ തിരക്കിനിടെ അച്ഛനെ കാണാൻ വൈകിയപ്പോൾ കരഞ്ഞ കുട്ടിയുടെ വീഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. കരഞ്ഞ കുട്ടിയെ പൊലീസുകാരൻ ആശ്വസിപ്പിക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ തന്നെ അച്ഛനെ കുട്ടിയുടെ അടുത്തെത്തുന്നതും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഒഴിവാക്കി കേരളത്തിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ക്രൂരതയെന്ന പേരിലാണ് കുട്ടിയുടെ ഫോട്ടോ മാത്രം ക്രോപ്പ് ചെയ്തെടുത്ത് പ്രചരിപ്പിക്കുന്നത്.
ആൾട്ട് ന്യൂസിലെ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറാണ് വിദ്വേഷ ട്വീറ്റുകൾ പുറത്തുവിട്ടത്. കേരളത്തിൽ ഹിന്ദുക്കളായതിന്റെ പേരിൽ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല എന്ന തലക്കെട്ടിലാണ് ഒരു ട്വീറ്റ്. മിസ്റ്റർ സിൻഹ എന്ന എക്കൗണ്ടിൽനിന്നാണ് ഈ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ തുടങ്ങിയവർ ഈ എക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. കേരളത്തിൽനിന്ന് പ്രതീഷ് വിശ്വനാഥൻ അടക്കമുള്ള ഹിന്ദുത്വ നേതാക്കളും ഇത് ഹിന്ദുക്കൾക്കെതിരായ പിണറായി സർക്കാരിന്റെ അതിക്രമം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്.