മുംബൈ : അന്തരിച്ച സിനിമാ താരം സുശാന്ത് രാജ്പുത്തിന്റെ മാനേജര്‍ ദിഷാ സാലിയന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ദിഷയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.
2020 ജൂണ്‍ 8 ന് മുംബൈയിലെ മലാഡ് ഏരിയയിലെ ഒരു ബഹുനില കെട്ടിടത്തില്‍ നിന്ന് വീണാണ് ദിഷാ സാലിയന്‍ മരിച്ചത്. നടന് സുശാന്ത് സിംഗ് രാജ്പുത്തിനെ താമസസ്ഥലത്തെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ദിഷയുടെ മരണം. അപകട മരണക്കേസായാണ് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ദിഷയുടെ മരണത്തില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയ്ക്ക് പങ്കുണ്ടെന്ന് ബിജെപി നേതാവ് നിതീഷ് റാണെ ആരോപണം ഉന്നയിച്ചത് വന്‍ ചര്‍ച്ചയായിരുന്നു. ദിഷസാലിയന്റെ മരണത്തിന് മുമ്പ് നടന്ന പാര്‍ട്ടിയില്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്ന് ഉദ്ധവ് താക്കറെ വെളിപ്പെടുത്തണമെന്നും നിതീഷ് റാണെ ആരോപിച്ചിരുന്നു.