ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എസഎഫ്ഐക്കാര്‍ തന്നെ ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. അവരെ പൊലീസ് പിന്തിരിപ്പിച്ചില്ലെന്നും അക്രമികള്‍ക്കെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏതെങ്കിലും ഒരു തരത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇന്നലെ രാത്രി മൂന്ന് ഇടങ്ങളിലാണ് തനിക്കെതിരെ ആക്രമണശ്രമം ഉണ്ടായത്. പൊലീസ് വാഹനത്തിലാണ് സമരക്കാരെ എത്തിച്ചതെന്നും അവരെ തിരികെ കൊണ്ടുപോയത് അതേവാഹനത്തില്‍ തന്നെയാണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
തന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുന്ന രീതിയില്‍ പ്രതിഷേധം എത്തിയപ്പോഴാണ് പുറത്തിറങ്ങിയത്. കൊടി കെട്ടിയ വടിയുമായാണ് അവര്‍ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. സാധാരണ ഒരു വാഹനമായിരുന്നെങ്കില്‍ അതിന്റെ ചില്ല് തകര്ന്നനെയെന്നും തന്റൈ വാഹനത്തിന് പ്രത്യേക സൗകര്യമുള്ളതുകൊണ്ടാണ് ചില്ല് തകരാതിരുന്നത്. മൂന്ന് തവണ സമാനമായ രീതിയില്‍ പ്രതിഷേധം ഉണ്ടായപ്പോഴാണ് പുറത്തിറങ്ങിയത്. താന്‍ വാഹനത്തിനകത്ത് ഇരുന്ന് ആക്രമണത്തിന് ഇരയാകണമെന്നായിരുന്നോ മന്ത്രിമാര്‍ പറയുന്നതെന്നും തന്റെ വാഹനത്തിന്റെ റൂട്ട് ചോര്‍ത്തിയത് ആരാണെന്ന് അവര്‍ പറയണമെന്നും ആരിഫ് മുഹമ്മദ്ഖാന് പറഞ്ഞു.
തനിക്കെതിരെ ആക്രമസമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പര്യാപ്തമല്ല. അക്രമികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്ന് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ മുഖ്യമന്ത്രിക്കെതിരെ എടുക്കുന്നത് ഗുരുതരവകുപ്പുകളാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ നിന്ന് താന്‍ പതിനാറാം തീയതി മടങ്ങിയെത്തിയ ശേഷം കോഴിക്കോട്ടെ പരിപാടിയിലാണ് പങ്കെടുക്കുന്നത്. ആര്‍ക്കും പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. ഇന്നലേത്തതിന് സമാനമായ രീതിയിലാണ് പ്രതിഷേധമെങ്കില്‍ വാഹനത്തിന് പുറത്തിങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല വാഹനത്തിന് നേരെ ആക്രമണം നടത്തിയാല്‍ തന്നെ ആക്രമിക്കൂ എന്ന് പറയുമെന്നും ഗവര്‍ണര്‍ പറഞ്ഞു.