ഇടുക്കി: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താനും തീര്‍ഥാടനത്തിന്റെ നടത്തിപ്പ് സുഗമമാക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ച അവലോകന യോഗം തുടങ്ങി. രാവിലെ 10 മുതൽഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസങ്ങിളിൽ തിക്കുംതിരക്കും കൂടി തീര്‍ഥാടകര്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞദിവസം രാത്രിയും തീര്‍ഥാടകര്‍ പ്രതിഷേധിച്ചിരുന്നു. പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ഥാടകര്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ പ്രശ്നപരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.
അതേ സമയം, ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ പോലീസ് സ്വീകരിച്ച നടപടികള്‍ സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപി ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിക്കും. .ശബരിമലയിലെ തിരക്കില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.