ന്യൂഡല്‍ഹി : മെട്രോ മാതൃകയില്‍ ഡല്‍ഹിയില്‍ വാട്ട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡിടിസി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ (ഡിഎംആര്‍സി) വാട്ട്സ്ആപ്പ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം നേരത്തെ നിലവില്‍ വന്നിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ഈ സേവനം ആരംഭിച്ചു, ഗുരുഗ്രാം റാപ്പിഡ് മെട്രോ ഉള്‍പ്പെടെയുള്ള അതിവേഗ ഗതാഗത സംവിധാനങ്ങളില്‍ സേവനം വ്യാപിപ്പിച്ചു.
ഡല്‍ഹി മെട്രോ ടിക്കറ്റുകള്‍ വാങ്ങുന്നതിന്, യാത്രക്കാര്‍ വാട്സ്ആപ്പില്‍ 91 9650855800 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന സന്ദേശം അയയ്ക്കണം അല്ലെങ്കില്‍ നല്‍കിയിട്ടുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് നെറ്റ്വര്‍ക്കിലുടനീളം സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് മെട്രോ ടിക്കറ്റുകള്‍ വാങ്ങാം. വാട്ട്സ്ആപ്പ് ടിക്കറ്റിംഗില്‍ ടിക്കറ്റ് റദ്ദാക്കല്‍ അനുവദനീയമല്ല. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ബാധകമാണ്, അതേസമയം യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല.