ഡർബൻ: ദക്ഷിണാഫ്രിക്കയിലും വിജയം കൊയ്യാൻ ഇന്ത്യൻ യുവനിര ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയ്ക്ക് ഇന്നാണ് തുടക്കം. മൂന്ന് മത്സരമാണ് പരമ്പരയിൽ. ആദ്യകളി ഡർബനിൽ. ഇന്ത്യൻ സമയം രാത്രി 7.30ന്.
ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ടീം അടുത്തവർഷത്തെ ഐപിഎല്ലിനുശേഷമേ വ്യക്തമാകുകയുള്ളൂവെങ്കിലും ഈ നിര സൂചനയാണ്. ട്വന്റി20 ടീം ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ പരിക്കുകാരണം ടീമിനുപുറത്താണ്. പേസർ ജസ്പ്രീത് ബുമ്രയും ഭാഗമല്ല. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ട്വന്റി20 ഭാവിയിൽ ഇപ്പോഴും വ്യക്തതയില്ല. അതിനാൽതന്നെ സൂര്യകുമാർ യാദവ് നയിക്കുന്ന ഈ ടീം അടുത്ത ലോകകപ്പ് മുന്നിൽക്കണ്ടാണ് ഒരുങ്ങുന്നത്. ഈ പരമ്പരയ്ക്കുശേഷം അഫ്ഗാനിസ്ഥാനെതിരെയും കളിയുണ്ട്.
സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ഓസ്ട്രേലിയക്കെതിരെ 4–1നാണ് ഇന്ത്യ പരമ്പരജയം നേടിയത്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞ് 72 മണിക്കൂറിലായിരുന്നു ഈ പരമ്പര. ഓസീസ് താരങ്ങൾ പലരും ലോകകപ്പിന്റെ ആലസ്യത്തിലുമായിരുന്നു. മൂന്ന് മത്സരം കഴിഞ്ഞപ്പോൾ പല കളിക്കാരും തിരിച്ചുകയറി.ദക്ഷിണാഫ്രിക്ക മികച്ച സംഘമാണ്. എയ്ദൻ മാർക്രമാണ് ക്യാപ്റ്റൻ. ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, റീസ ഹെൻഡ്രിക്സ്, ട്രിസ്റ്റൻ സ്റ്റബ്സ് തുടങ്ങിയ വമ്പനടിക്കാരുണ്ട്. പേസർമാരിൽ കഗീസോ റബാദയ്ക്ക് വിശ്രമം അനുവദിച്ചു. ലുൻഗി എൻഗിഡി പരിക്കേറ്റ് മടങ്ങുകയും ചെയ്തു.
ഇന്ത്യൻ നിരയിൽ ആരെ ഒഴിവാക്കും എന്നതിലാണ് ആശങ്ക. ശുഭ്മാൻ ഗിൽ എത്തുന്നതോടെ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് പുറത്തിരിക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഇഷാൻ കിഷനുപകരം ജിതേഷ് ശർമ തുടർന്നേക്കും.
ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ജിതേഷ് ശർമ, രവീന്ദ്ര ജഡേജ, ദീപക് ചഹാർ, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.
ദക്ഷിണാഫ്രിക്കൻ ടീം: റീസ ഹെൻഡ്രിക്സ്, മാത്യു ബ്രീട്സ്കെ, ട്രിസ്റ്റൻ സറ്റ്ബ്സ്, എയ്ദൻ മാർക്രം, ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, കേശവ് മഹാരാജ്, ജെറാൾഡ് കോട്സീ, നാൻഡ്രെ ബർഗെർ, ടബ്രിയാസ് ഷംസി.