രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ. ഓപ്പണർമാരായ കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ചുറിയുടെ മികവിൽ ആദ്യംബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 37.4 ഓവറിൽ 230 പുറത്തായി. ഡിസംബർ 11ന് നടക്കുന്ന ക്വാർട്ടറിൽ കേരളം രാജസ്ഥാനെ നേരിടും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ ഓപ്പണർമാരായ ഓപ്പണർമാരായ കൃഷ്ണപ്രസാദും (144), രോഹൻ കുന്നുമ്മലും (120) 218 റൺസിന്റെ കൂട്ടുകെട്ടുമായി മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് കളത്തിലെത്തിയ നായകൻ സഞ്ജു സാംസൺ 29 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ അടിച്ച് കളിച്ച വിഷ്ണു വിനോദും (43) അബ്ദുൽ ബാസിത്തും (പുറത്താകാതെ 35 ) കളം നിറഞ്ഞതോടെ സ്കോർ 350 പിന്നിട്ടു. 1 റണ്ണുമായി സച്ചിൻ ബേബിയും പുറത്താകാതെനിന്നു. മഹാരാഷ്ട്രയ്ക്കായി പ്രദീപ് ദാധേ 2 വിക്കറ്റു നേടി. മനോജ് ഇൻഗാൽ, രാമകൃഷ്ണ ഘോഷ്, സോഹൻ ജമാൽ, എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണർമാരായ കൗശൽ എസ് താംബെയും (50) ഓം ഭോസലയും (71) മികച്ച തുടക്കം നൽകി. പിന്നീട് കളത്തിലെത്തിയവർക്കൊന്നും പിടിച്ച് നിൽക്കാൻ കഴിയാതെ പോയി. കേരളത്തിലായി ശ്രേയാസ് ഗോപാൽ നാലും വൈശാഖ് ചന്ദ്രൻ മൂന്നും വിക്കറ്റ് നേടി. ബേസിൽ തമ്പി, അഖിൻ സത്താർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.