പാലക്കാട്: ജമ്മു കാഷ്മീരിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. സൗറയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശി മനോജ് മാധവൻ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
അപകടത്തിൽ ചിറ്റൂർ സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവർ നേരത്തേ മരിച്ചിരുന്നു. ഇന്നു രാവിലെ, മനോജ് മരിച്ച വിവരം നോർക്ക ഓഫീസ് മന്ത്രി കൃഷ്ണൻകുട്ടിയുടെ ഓഫീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനു സമീപം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മലയാളികളെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മു കാഷ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചു.