കൊച്ചി : നവകേരളാ സദസ്സിന്റെ നാളത്തെ പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച്ച ഉച്ചക്കുശേഷം രണ്ടുമണിക്ക് പര്യടനം തുടരും. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് പരിപാടികൾ മാറ്റിയത്. നവകേരളാ സദസ്സിന്റെ പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചത്. പിന്നാട് തീരുമാനത്തിൽ മാറ്റമുണ്ടായത്.
രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടര്‍ന്ന് 3 .30 കോതമംഗലം, 4 .30 മൂവാറ്റുപുഴ, 6 .30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികളെന്ന് സംഘാടകര്‍ അറിയിച്ചു. കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷമാണ് യോഗം ചേര്‍ന്നത്. ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുവരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ചയാണ് വാഴൂരിലെ വീട്ടില്‍ സംസ്കാരം.