പാലക്കാട് : ജമ്മുകശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങൾ പാലക്കാട് എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങൾ ശ്രീനഗറിൽ നിന്നും വിമാനത്തിൽ കേരളത്തിൽ എത്തിച്ചത്.
മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച ശേഷം ചിറ്റൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും. ചിറ്റൂർ ടെക്നിക്കൽ സ്കൂളിലാണ് പൊതുദർശനം. ചിറ്റൂർ സ്വദേശികളായ അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഗ്നേഷ് (22) എന്നിവരാണു കശ്മീരിലെ സോജില ചുരത്തിൽ വാഹനം കൊക്കയിലേക്കു മറിഞ്ഞു മരിച്ചത്. രണ്ട് കാറിലായി 13 പേരാണ് കശ്മീർ യാത്രയ്ക്ക് പോയത്. ഇതിൽ ഒരു വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവറടക്കം എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഡ്രൈവറായ കശ്മീർ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും കൊല്ലപ്പെട്ടിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിലുള്ള മനോജ് മാധവന്റെ (25) ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന അരുൺ കെ കറുപ്പുസ്വാമി, രാജേഷ് കെ കൃഷ്ണൻ എന്നിവരെ നാട്ടിലെത്തിച്ചു. നോർക്കയുടെ ആംബുലൻസിലാണ് മൃതദേഹങ്ങൾ കൊച്ചിയിൽ നിന്നും പാലക്കാട് എത്തിച്ചത്. ഗുരുതരാവസ്ഥയിൽ തുടരുന്ന മനോജിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.