ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയോഗം ചായക്കും സമൂസയ്ക്കും വേണ്ടിയുള്ളതാണെന്ന് ജനതാദള്‍ യുണൈറ്റഡ് എംപി
സുനില്‍ കുമാര്‍ പിന്റു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ നടക്കുന്നത് വരെ ഇന്ത്യ മുന്നണിയോഗം ചായയും സമൂസയും കഴിക്കുന്നത് മാത്രമാക്കി ചുരുക്കിയെന്നുമാണ് എംപിയുടെ വിമര്‍ശനം.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വരുത്തിയ രണ്ട് തെറ്റുകളെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി അമിത് ഷായെ പിന്തുണച്ച എംപി കശ്മീരിന് വര്‍ഷങ്ങളായി കഷ്ടപ്പെടേണ്ടിവന്നു, പണ്ടത്തെ തെറ്റുകളുടെ ഫലം ഇന്ന് ദൃശ്യമാണെന്നും പറഞ്ഞു.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെയാണ് ജനതാദള്‍ എംപിയുടെ പ്രസ്തവന. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയര്‍ത്തിയും വിവാദത്തിലായ നേതാവാണ് സുനില്‍ കുമാര്‍.
പ്രതിപക്ഷസഖ്യത്തിനൊപ്പമുള്ള ജെഡിയുവിന്റെ എംപി തന്നെ മോദിയെ പ്രശംസിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് മോദിയില്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വസ്തുതകള്‍ മാത്രമാണ് പറയുന്നതെന്നും സുനില്‍ കുമാര്‍ പിന്റു പറഞ്ഞു.