ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദ് ലാല്‍ബഹാദുര്‍ ശാസ്ത്രി സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ. മല്ലു ഭട്ടി വിക്രമാര്‍ക്കെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെലങ്കാന മുന്‍ പിസിസി പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡി അടക്കം ഒമ്പതു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഗവര്‍ണര്‍ തമിളിസൈ സൗന്ദര്രാജന് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തെലങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡെ കെ ശിവകുമാര്‍ തുടങ്ങിയര്‍ സംബന്ധിച്ചു. സോണിയയും രേവന്ത് റെഡ്ഡിയും റാലിയോടെയാണ് സത്യപ്രതിജ്ഞയ്ക്കായി സ്റ്റേഡിയത്തിലെത്തിയത്.
അധികാരമേറ്റ ഉടന്‍ തന്നെ രേവന്ത് റെഡ്ഡി, മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ നീക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് പ്രഗതി ഭവന് എന്നത് മാറ്റി പ്രജാ ഭവന് എന്നാക്കി മാറ്റുകയും ചെയ്തു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍പ്പെട്ടതായിരുന്നു ഇത്.