കൊച്ചി : അങ്കമാലിയിൽ ട്രാക്കിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് അങ്ങാടിക്കടവ് റെയിൽവെ ഗേറ്റിന് സമീപം അടിപ്പാത നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭീമൻ പൈപ്പ് ചരിഞ്ഞതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗത തടസ്സപ്പെട്ടത്. അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്.
മണ്ണിടിച്ചിലുണ്ടാകുന്നത് തൊട്ടു മുൻപാണ് രണ്ടു ട്രെയിനുകൾ ഇതുവഴി കടന്നുപോയത്. മണ്ണിടിഞ്ഞുവീഴുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ യുവാവാണ് ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചത്. വൻ ദുരന്തമാണ് ഒഴിവായത്.
മണ്ണിടിച്ചിലിന് തൊട്ടു പിന്നാലെ വന്ന എറണാകുളം ഇന്റർസിറ്റി പിടിച്ചിട്ടതിനെ തുടർന്ന് യാത്രക്കാർ ഒരു കിലോമീറ്ററോളം നടന്ന് അങ്കമാലി ടൗണിലെത്തി വിവിധ ഭാഗങ്ങളിലേക്ക് ബസിനാണ് പോയത്. കൊരട്ടി, ചാലകുടി, അങ്കമാലി തുടങ്ങിയ സ്ഥാലങ്ങളിൽ ടെയിൻ പിടിച്ചിട്ടു. വടക്കോട്ടുള്ള പാതയിൽ പ്രശ്നമുണ്ടായില്ല.