തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഷഹനയുടെ മരണം വേദനാജനകമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും സതീദേവി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടെ ഷഹനയുടേത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി.’എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’- എന്ന് എഴുതിയിരിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്.
ഷഹന സുഹൃത്തായ ഡോക്ടറുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു ആവശ്യം. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.