പത്തനംതിട്ട: ബാബരി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിൽ കർശന സുരക്ഷ. ഇന്നലെ സുരക്ഷാസേനകളുടെ സംയുക്ത റൂട്ട് മാർച്ച് സന്നിധാനം മുതൽ ശരംകുത്തി വരെ നടന്നു. പൊലീസിന് പുറമേ കേന്ദ്ര സേനകളും ബോംബ് സ്ക്വാഡും സന്നിധാനത്ത് ക്യാമ്പ് ചെയ്യും.
ഇന്നലെ മുതൽ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചിരുന്നു.പതിനെട്ടാം പടിയിലും സോപാനത്തും ശ്രീകോവിലിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.നടപ്പന്തലിലും തീർത്ഥാടകർ കൂട്ടമായി എത്തുന്ന ഇടങ്ങിളിലുമടക്കം കേന്ദ്ര സേനയുടെ സാന്നിധ്യവുമുണ്ടാവും. അസാധാരണമായി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്ന് സ്പെഷ്യൽ ഓഫീസർ നിർദേശം നൽകി.
സന്നിധാനത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 75000 ൽ അധികം പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ഇന്ന് മല ചവിട്ടുന്നത്.ഈ സീസണിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ ഈ ആഴ്ചയിലാണ്.വ്യാഴം, വെള്ളി ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം പൂർത്തിയായി.