ഹൈദരാബാദ് : ചരിത്രത്തിലാദ്യമായി അധികാരത്തിലേക്ക് വന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനു ചുക്കാന്‍ പിടിച്ച എ രേവന്ത് റെഡ്ഡി പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഔദ്യോഗികമായി രേവന്ത് റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്.
മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്ത് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. രാവിലെ 10.28നാണ് സത്യപ്രതിജ്ഞ.
ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കുമെന്നു കെസി വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റ ടീമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തോടെ തെലങ്കാനയില്‍ കിംഗ് മേക്കറായി ഉയര്‍ന്നിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റായ എ രേവന്ത് റെഡ്ഡി. കര്‍ണാടക കോണ്‍ഗ്രസിനെ സംബന്ധിച്ച് ഡികെ ശിവകുമാര്‍ എന്താണോ, അതു തന്നെയാണ് തെലങ്കാന കോണ്‍ഗ്രസിന് രേവന്ത് റെഡ്ഡി.
തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഭരണം പിടിച്ചത്.
സംസ്ഥാനം രൂപീകരിച്ച ശേഷം ഭാരത് രാഷ്ട്ര സമിതിയാണ് ഭരിച്ചിരുന്നത്. കെ ചന്ദ്രശേഖര റാവുവായിരുന്നു മുഖ്യമന്ത്രി. ഇത്തവണ അവരുടെ തേരോട്ടം 39 സീറ്റുകളില്‍ ഒതുങ്ങി.