ന്യൂഡല്‍ഹി : ഇന്ത്യക്കും സൗദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ. സൗദി ഹജ്ജ് മന്ത്രിയുമായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി മുരളീധരന് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ നടപടികള്‍ ലഘൂകരിക്കുമെന്നും സൗദി മന്ത്രി അറിയിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് നയം പുറത്തിറക്കിയതായി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹജ്ജ് ചെയ്തവരില്‍ 47 ശതമാനവും സ്ത്രീകളായിരുന്നെന്നും ഇറാനി പറഞ്ഞു. ഭിന്നശേഷിക്കാരായവര്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം ഹജ്ജ് മന്ത്രിയെ അറിയിച്ചതായും ഇത്തരം യാത്രക്കാര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുനല്‍കിയതായും സ്മൃതി ഇറാനി പറഞ്ഞു.
ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സേവനം നല്കുന്നതില് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സൗദി മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഹജ്ജുമായി ബന്ധപ്പെട്ട് ലോകരാഷ്ട്രങ്ങളുമായി മികച്ച ആശയവിനിമയ മാര്‍ഗങ്ങളും ശക്തമായ സഹകരണവും ഉറപ്പുവരുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെയും അതിന്റെ പങ്കാളികളുടെയും ശ്രമങ്ങളുടെ ഭാഗമാണ് വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം.