തിരുവനന്തപുരം : കുട്ടിക്കാലത്തെ ജീവിത സാഹചര്യം സ്കൂള്‍പഠനം മുടക്കിയ നടന് ഇന്ദ്രന്‍സിന്റെ പത്താം ക്ലാസ് തുല്യതാ പഠനത്തിനും കുരുക്ക്. എഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാ മിഷന്റെ ചട്ടമാണ് പ്രശ്നം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തില്‍ പഠിക്കാനാവൂ.
ദിവസങ്ങള്‍ക്ക് മുന്‍പ് നവകേരള സദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയൊണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും. പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എജി ഒലീന പറയുന്നു.
എന്നാല്‍, ഏഴു ജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസ്സം. ക്ലാസില്‍ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രന്‍സിന് പഠിക്കാനാകുമെന്ന് ഒലീന പറഞ്ഞു. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രന്‍സിന് ഇളവുനല്‍കും. ‘നാലാം ക്ലാസുവരെ പഠിച്ചതായാണ് ഓര്മ. ഇപ്പോഴത്തെ പ്രശ്നമൊന്നും എനിക്കറിയില്ല’-പുതിയ ‘പ്രതിസന്ധി’യെ പറ്റി ഇന്ദ്രന്‍സ് പറഞ്ഞു.