തിരുവനന്തപുരം : സ്കൂട്ടർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം പിഎംജിയിലാണ് അപകടം. പാങ്ങപ്പാറ മെയ്ക്കോണം ഗോപിക ഭവനിൽ ഉദയിന്റെയും നിഷയുടെയും മകളും മാർ ഇവാനിയോസ് കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയുമായ ഗോപിക ഉദയ് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. സഹോദരി ജ്യോതികയ്ക്കൊപ്പം ജിംനേഷ്യത്തിൽ പോയ ശേഷം നിഷയുടെ മരപ്പാലത്തുള്ള ഫ്ളാറ്റിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
പിഎംജിയിൽ വച്ച് സമീപത്തുകൂടി പോയ കെഎസ്ആർടിസി ബസിന്റെ പിറകിലെ വലതുവശത്തെ ടയർ പൊട്ടി പഞ്ചറായി.
ടയർ പൊട്ടിയപ്പോഴുണ്ടായ വൻശബ്ദം കേട്ട് സ്കൂട്ടർ മറിഞ്ഞ് ഗോപിക റോഡിൽ തലയിടിച്ച് വീണതാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഗോപിക ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സഹോദരി ജ്യോതികയ്ക്ക് കാര്യമായ പരിക്കുകളില്ല. ബസ് സ്കൂട്ടറിൽ ഇടിച്ചതിന് പ്രാഥമിക പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സിസിടിവി കാമറകൾ പരിശോധിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് മ്യൂസിയം സിഐ പറഞ്ഞു. ഗോപികയുടെ നിര്യാണത്തെ തുടർന്ന് കോളേജിന് ഇന്ന് അവധി നൽകി.