ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞവര്‍ഷം 28,522 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഓരോ ദിവസവും ശരാശരി 78 കൊലപാതങ്ങള്‍ അല്ലെങ്കില്‍ ഒരോ മണിക്കൂറിലും മൂന്ന് വീതം കൊലപാതകങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം കൊലപാതകക്കേസുകള്‍ 2021ല്‍ 29, 272ഉം 2020ല്‍ 29,193 ഉം ആയിരുന്നു.
കഴിഞ്ഞ വര്‍ഷം തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ കൊലപാതകക്കേസുകളുടെ എണ്ണം 9,962 ആണ്. വ്യക്തിപരമായ പകപോക്കലകളുടെ ഭാഗമായി 3,761 കൊലപാതകങ്ങളും നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ പേര് കെല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. അവിടെ 3,492 പേരാണ് കൊല്ലപ്പെട്ടത്. ബിഹാര്‍, മഹാരാഷ്ട്ര. മധ്യപ്രദേശ്, രാജസ്ഥാന് എന്നിവയാണ് പട്ടികയിലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് സിക്കിം (9), നാഗാലാന്‍ഡ്(21), മിസോറാം (31), ഗോവ (44), മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ്.
കേന്ദ്രഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് ഏറ്റവും കുടുതല്‍ കേസുകള്‍ കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഡല്‍ഹിയിലാണ്(509). കശ്മിരില്‍ (99) പുതുച്ചേരി (30)ചണ്ഡിഗഡ് (18), ദാദ്ര നഗര്‍ ഹവേലി (16) അന്‍ഡമാന്‍ (7), ലഡാക്ക് (5) എന്നിങ്ങനെയാണ്. ലക്ഷദ്വീപില്‍ ഒരു കൊലപാതകക്കേസുകള്‍ പോലും ഉണ്ടായിട്ടില്ല.
കൊലപാതകക്കുറ്റങ്ങളുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനം ഝാര്‍ഖണ്ഡാണ്. കൊല്ലപ്പെട്ടവരില്‍ 95.4 ശതമാനും മുതിര്‍ന്നവരാണ്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളുടെ എണ്ണം 8,125 ആണെങ്കില്‍ ഒന്പതുപേര് ട്രാന്‍സ് ജന്‍ഡേഴ്സ് വിഭാഗത്തില്‍പ്പെട്ടവരാണ്.