കല്‍പ്പറ്റ : മുട്ടില്‍ മരം മുറിക്കേസില്‍ 84,600 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസൂട്ടി അഗസ്റ്റിന് അഗസ്റ്റിന് എന്നിവര്‍ ഉള്‍പ്പടെ കേസില്‍ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. 420 സാക്ഷികളും 900 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്.
പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന, ഗുഢാലോചന എന്നിവയാണ് പ്രധാനകുറ്റങ്ങള്‍. അഗസ്റ്റിന് സഹോദരന്മാരെ കൂടാതെ ഇവരുടെ ഡ്രൈവറായ ബിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍ അന്നത്തെ വില്ലേജ് ഓഫീസറായിരുന്ന കെകെ ആജി, സെപ്ഷ്യല്‍ വില്ലേജ് ഓഫീസര്‍ കെകെ സിന്ധു എന്നിവരാണ് മറ്റ് പ്രതികള്‍.
ഭൂപരിഷ്കരണ നിയമത്തിന് ശേഷം പട്ടയഭുമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ച് മാറ്റിയത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുന്‍പ് ഭൂമിയില്‍ ഉണ്ടായിരുന്നു മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.