തിരുവനന്തപുരം: രാജ്ഭവനിൽ ജാതിപീഡന പരാതിയെത്തുടർന്ന് നാടകീയ രംഗങ്ങൾ. പരാതി ഉന്നയിച്ച ജീവനക്കാരനെ മേലുദ്യോഗസ്ഥർ പുറത്താക്കി. എന്നാൽ 24 മണിക്കൂറിനകം ഇദ്ദേഹത്തെ തിരിച്ചെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു.
രാജ്ഭവൻ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് മരിച്ചത് ജാതിപീഡനത്തെ തുടർന്നാണെന്ന് ആരോപണമുയർന്നിരുന്നു. ഗാർഡർ സൂപ്പർവൈസർ ബൈജു, അസിസ്റ്റന്റ് അശോകൻ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നത്. മകന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജേഷിന്റെ മാതാപിതാക്കൾ സംസ്ഥാന പട്ടിക വർഗ കമ്മിഷനെ സമീപിക്കുകയും ചെയ്തു.വിജേഷ് നേരിട്ടതിന് സമാനമായി പീഡനം താനും നേരിട്ടതായി രാജ്ഭവനിലെ ഗാർഡൻ ജീവനക്കാരൻ ഗോപാലകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു.
ഇതിന് ശേഷം തന്നെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ബൈജുവും അശോകനും ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്റോൺമെന്റ് എസിപിക്കും മനുഷ്യാവകാശ കമ്മിഷനും ഗോപാലകൃഷ്ണൻ പരാതി നൽകി. എന്നാൽ പരാതി നൽകിയതിന് പിന്നാലെ രാജ്ഭവൻ ഡെപ്യൂട്ടി സെക്രട്ടറി കെ.ആർ മധു ശനിയാഴ്ച ഗോപാലകൃഷ്ണനെ ജോലിയിൽ നിന്ന് പുറത്താക്കി.ഇക്കാര്യം ചില ജീവനക്കാർ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഗോപാലകൃഷ്ണനെ തിരിച്ചെടുക്കാൻ ഗവർണർ ഡെപ്യൂട്ടി സെക്രട്ടറിക്ക് കർശന നിർദേശം നൽകുകയായിരുന്നു.