ഹൈദരാബാദ് : തെലങ്കാനയിൽ ഒന്നുമില്ലായ്മയിൽ നിന്നുമായിരുന്നു കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ്. തെരഞ്ഞെടുപ്പ് വിജയത്തോടെ തെലങ്കാനയിൽ കിംഗ് മേക്കറായി ഉയർന്നിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റായ എ രേവന്ത് റെഡ്ഡി. കർണാടക കോൺഗ്രസിനെ സംബന്ധിച്ച് ഡികെ ശിവകുമാർ എന്താണോ, അതു തന്നെയാണ് തെലങ്കാന കോൺഗ്രസിന് രേവന്ത് റെഡ്ഡി.
തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് കോൺഗ്രസ് അധികാരത്തിലേറുന്നത്. 119 സീറ്റിൽ 65 ഇടത്താണ് കോൺഗ്രസ് മുന്നേറുന്നത്. 2014-ല് സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും മൃഗീയഭൂരിപക്ഷം നേടിയാണ് കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലേറിയത്.
പിന്നീട് ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ രാഷ്ട്ര സമിതി എന്ന് പാർട്ടിയുടെ പേര് കെസിആർ മാറ്റുകയായിരുന്നു. രണ്ടു മണ്ഡലങ്ങളിലാണ് രേവന്ത് റെഡ്ഡി ജനവിധി തേടുന്നത്. ബിആർഎസ് സിറ്റിങ് സീറ്റായ കോടങ്കലിലും, കെസിആർ മത്സരിക്കുന്ന കാമറെഡ്ഡിയിലും. രണ്ടിടത്തും രേവന്ത് ലീഡ് ചെയ്യുകയാണെന്നാണ് റിപ്പോർട്ട്.
രക്തസാക്ഷികളുടെയും നാലു കോടിയിലധികം വരുന്ന ജനങ്ങളുടെയും സ്വപ്ന സാക്ഷാത്കാരത്തിനുള്ള സമയമാണ് ഇതെന്നാണ്, തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് രേവന്തിന്റെ ആദ്യ പ്രതികരണം. തെലങ്കാന സംസ്ഥാനമെന്ന ആവശ്യവുമായി ആത്മാഹുതി ചെയ്ത ശ്രീകാന്ത് ചാരിയെന്ന രക്തസാക്ഷിയെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ സൂചിപ്പിച്ചു.