തൃശൂർ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണു ജീവനൊടുക്കാൻ ശ്രമിച്ചത്. ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.
കൂർക്കഞ്ചേരിയിൽ നടന്ന ‘എസ്ജി കോഫി ടൈം’ എന്ന സംവാദ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. പരിപാടിക്കൊടുവിൽ സുരേഷ് ഗോപി പുറത്തേക്കു പോകുന്നതിനിടെ സുരേഷ് ദേഹമാസകലം മണ്ണെണ്ണയൊഴിച്ചു ലൈറ്ററുമായി തള്ളിക്കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ ലൈറ്റർ തട്ടിത്തെറിപ്പിക്കുകയും ഇയാളെ പിടികൂടി പുറത്തേക്കു മാറ്റുകയും ചെയ്തു.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യാശ്രമം നടത്തിയത് എന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. പരിപാടി നടക്കുന്ന സോമിൽ റോഡിലെ കെട്ടിടം താൻ നിർമിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട കടബാധ്യതയാണു ജീവനൊടുക്കാൻ ശ്രമിച്ചതിനു കാരണമെന്നും വ്യക്തമാക്കി. മുൻപു ഹോട്ടൽ നടത്തിയിരുന്ന ഇയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പൊലീസ് പറഞ്ഞു.