ഹൈദരാബാദ് : തെലങ്കാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് മുന്നിലാണ്. 87 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് 51 ഇടത്ത് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബിആര്‍എസ് 30 ഇടത്തും മറ്റുള്ളവര്‍ ഏഴിടത്തും മുന്നിട്ടു നില്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീനും മുന്നിട്ടു നില്‍ക്കുകയാണ്. ബിആര്എസിന്രെ സിറ്റിങ്ങ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്. ബി ആര്‍എസിന്റെ പട്നം നരേന്ദര്‍ റെഡ്ഡി, ബിജെപിയുടെ ബന്തു രമേഷ് കുമാര്‍ എന്നിവരാണ് എതിരാളികള്‍.
കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് ജയിച്ച മണ്ഡലമാണിത്. അതേസമയം, കാമറെഡ്ഡി മണ്ഡലത്തില്‍ രേവന്ത് റെഡ്ഡി പിന്നിലാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. ജൂബിലി ഹില്‍സ് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് അസ്ഹറുദ്ദീന് ജനവിധി തേടുന്നത്.
തെലങ്കാന നിയമസഭയിലെ 119 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിആര്‍എസിന്റെ ഭരണം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അധികാരം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്.