തൃശൂര്‍ : കേരളവര്‍മ കോളജ് ചെയര്മാന് തെരഞ്ഞെടുപ്പ് റീകൗണ്ടിങ്ങില്‍ എസ്എഫ്ഐ ജയിച്ചതോടെ കെഎസ്യുവിനും യൂത്ത് കോണ്‍ഗ്രസിനുമെതിരെ മന്ത്രി ആര് ബിന്ദു. വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ്എഫ്ഐയെ ജയിപ്പിച്ചു എന്നാരോപിച്ച് കരിങ്കൊടിയുമായി പിന്നിലും മുന്നിലും ചാടി വീണ് അക്രമോത്സുക മുദ്രാവാക്യവര്ഷം നടത്തിയവര്‍ ഇനിയെന്ത് പറയുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഓഫീസിന് മുന്നില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ പോലും ആക്രോശിച്ച് അലറി ആക്രമിക്കാന്‍ ഓടിയടുത്തു. ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ യാതൊരുവിധ ഇടപെടലുകളും കോളജ് തെരഞ്ഞെടുപ്പുകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കുറിച്ചു.
മൂന്നു വോട്ടുകള്‍ക്കാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി കെ എസ് അനിരുദ്ധന് വിജയിച്ചത്. കെഎസ്യു നല്കിയ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി വിധി പകാരമാണ് റീകൗണ്ടിങ് നടത്തിയത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-
ശ്രീ കേരളവര്‍മ്മ കോളേജില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോള്‍ വീണ്ടും എസ് എഫ് ഐ യുടെ ചെയര്മാന് സ്ഥാനാര്‍ഥി വിജയിച്ചിരിക്കുന്നു…. വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടെണ്ണുന്ന പ്രക്രിയയാകെ. …
ഈ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ് എഫ് ഐ യെ ജയിപ്പിച്ചു എന്നാരോപിച്ച് കുറേ ദിവസങ്ങള്‍ ഞാന്‍ എവിടെ പോയാലും കെ എസ് യു ക്കാരും യൂത്ത് കോണ്‍ഗ്രസുകാരും കരിംകൊടിയുമായി പിന്നിലും മുന്നിലും ചാടി വീണ് അക്രമോത്സുകമായ മുദ്രാവാക്യവര്‍ഷവും അട്ടഹാസങ്ങളും കെട്ടഴിച്ചു വിട്ടു. ഓഫിസിന് മുന്നില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ പോലും ആക്രോശിച്ച് അലറി ആക്രമിക്കാന്‍ ഓടിയടുത്തു.
ഇപ്പോളിനി അവര്‍ എന്തു പറയും?
പ്രിയരേ, മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവര്‍മ്മയിലും എസ് എഫ് ഐ വളര്‍ന്നത്. ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണ്. ..അമരന്മാരായ ധീരരക്തസാക്ഷികളുടെ ആവേശകരമായ സ്മരണകളാണ് അതിന് ഊര്‍ജ്ജം പകരുന്നത്.
ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ യാതൊരു വിധ ഇടപെടലുകളും കോളേജ് തെരഞ്ഞെടുപ്പുകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു പറയട്ടെ.
കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ…