മുംബൈ : വനിതാ ഐപിഎല്‍ പോരാട്ടത്തിന്റെ താര ലേലം ഈ മാസം ഒന്പതിനു മുംബൈയില്‍ നടക്കും. 165 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 104 ഇന്ത്യന്‍ താരങ്ങള്‍, 61 വിദേശ താരങ്ങള്‍, 15 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഞ്ച് ടീമുകള്‍ക്ക് 30 താരങ്ങളെയാണ് ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം ഉള്ളത്. ഒന്‍പത് വിദേശ താരങ്ങള്‍ക്കാണ് അവസരം.
വെസ്റ്റ് ഇന്‍ഡീസ് താരം ദിയേന്ദ്ര ഡോട്ടിന്, ഓസ്ട്രേലിയയുടെ കിം ഗാര്‍ത് എന്നിവരാണ് 50 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങള്‍. ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍മാരായ അന്നബെല്‍ സതര്‍ലന്‍ഡ്, ജോര്‍ജിയ വെര്ഹെം, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ അമി ജോണ്‍സ്, വെറ്ററന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്നിം ഇസ്മയില്‍ എന്നിവരുടെ അടിസ്ഥാന വില 40 ലക്ഷം രൂപയാണ്.
കേരളത്തിന്റെ അഭിമാനം മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിലാണ്. താരത്തെ ടീം നിലനിര്‍ത്തി. 60 താരങ്ങളാണ് അഞ്ച് ടീമുകളും നിലനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ 21 പേര് വിദേശ താരങ്ങളാണ്. 29 താരങ്ങളെയാണ് ടീമുകള്‍ റിലീസ് ചെയ്തത്.
ഗുജറാത്ത ജയന്റ്സാണ് ഏറ്റവും കൂടുതല്‍ താരങ്ങളെ ഒഴിവാക്കിയത്. അവരുടെ പക്കലാണ് ഏറ്റവും കൂടുതല്‍ തുക 5.95 കോടി രൂപയാണ് അവരുടെ പേഴ്സില്‍. യുപി വാരിയേഴ്സിന്റെ പക്കല്‍ നാല് കോടി രൂപ.
നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ പക്കല്‍ 2.1 കോടി രൂപയാണുള്ളത്. രണ്ടാം സ്ഥാനക്കാരായ ഡല്‍ഹിക്ക് 2.25 കോടി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പേഴ്സില്‍ 3.35 കോടി രൂപയാണ്.