ചെന്നൈ : ചെസ് വിസ്മയം പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി സഹോദരി വൈശാലി രമേഷ്ബാബുവും. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി വൈശാലി മാറി. 2500 റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയാണ് താരം നേട്ടം തൊട്ടത്.
സ്പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ് പോരാട്ടത്തിലാണ് റേറ്റിങ് പോയിന്റുകള്‍ താരം മറികടന്നത്. ഇതോടെ ലോക ചെസ് ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ നേട്ടവും വൈശാലിയും ഒപ്പം പ്രഗ്നനാനന്ദയും സ്വന്തമാക്കി. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങളായി വൈശാലിയും പ്രഗ്നാനന്ദയും മാറി.
2018ല്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പദവി നേടിയാണ് പ്രഗ്നാനന്ദ വിസ്മയ വരവ് നടത്തിയത്. വൈശാലി 15ാം വയസില്‍ ഇന്റര്‍നാഷണ്‍ മാസ്റ്റര്‍ പദവി സ്വന്തമാക്കിയും അത്ഭുതപ്പെടുത്തി. 17ാം വയസില്‍ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലും 20ാം വയസില്‍ ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍ പദവിയും ഇപ്പോള്‍ 22ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും താരം സ്വന്തമാക്കി.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്നത്. കൊനേരു ഹംപി, ഹരിക ദ്രോണവല്ലി എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയവര്‍. ഇതിഹാസ താരം വിശ്വനാഥന് ആനന്ദ് മുതലുള്ള ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ പട്ടികയില്‍ വൈശാലിയും ഇടംപിടിച്ചു.