കൊല്ലം : ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി.
ചാത്തന്നൂർ സ്വദേശി കെആർ പത്മകുമാർ (52), ഇയാളുടെ ഭാര്യ എംആർ അനിത കുമാരി (45), മകൾ പി അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. താനും ഭാര്യയും മകളും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നു പത്മകുമാർ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തട്ടിക്കൊണ്ടു പോകൽ പദ്ധതി നടപ്പാക്കിയത്. പത്ത് ലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടത് ഭാര്യയാണ്.
കുട്ടിയെ തട്ടിയെടുക്കാൻ മുൻപ് മൂന്ന് തവണ ശ്രമം നടത്തി. ഒരു വർഷത്തെ തയ്യാറെടുപ്പിനൊടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ കാറിലേക്ക് പിടിച്ചു കയറ്റിയതു ഭാര്യയെന്നും മൊഴിയിലുണ്ട്. കല്ലുവാതുക്കലിനു സമീപം എത്തിയപ്പോൾ പത്മകുമാറും ഭാര്യയും ഓട്ടോയിൽ കയറി. തട്ടിക്കൊണ്ടു പോയതും കുട്ടിയെ വീട്ടിൽ പാർപ്പിച്ചതുമെല്ലാം മൂന്ന് പേരും ചേർന്നാണ്. മറ്റാരും സഹായിച്ചില്ലെന്നും മൊഴിയിലുണ്ട്.
തട്ടിക്കൊണ്ടു പോയി പാർപ്പിച്ച വലിയ വീട്ടിൽ വച്ച് ലാപ് ടോപ്പിൽ കാർട്ടൂൺ വീഡിയോ കാണിച്ചതായി കുഞ്ഞ് മൊഴി നൽകിയിരുന്നു. ഈ വീഡിയോ കാണിക്കൽ പ്രതികളിലേക്കെത്തുന്നതിൽ നിർണായകമായി. ഏതു കാർട്ടൂണാണ് കാണിച്ചത്, സമയം തുടങ്ങിയ വിവരങ്ങൾ പൊലീസ് സംഘം ആറ് വയസുകാരിയിൽ നിന്നു തേടി. 27നു രാത്രി ഈ കാർട്ടൂൺ കണ്ട കമ്പ്യൂട്ടർ സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് തേടി. ഈ അന്വേഷണത്തിലാണ് പത്മകുമാറിന്റെ വീട്ടിലെ ലാപ് ടോപ്പിൽ നിന്നാണ് കുട്ടി വീഡിയോ കണ്ടതെന്നു വ്യക്തമായത്.
കുട്ടിയെ കൊല്ലം നഗരത്തിലേക്ക് എത്തിച്ച നീല നിറത്തിലുള്ള കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഴിത്തിരിവായി. തൊട്ടടുത്ത വീട്ടിലേക്ക് ട്യൂഷനു പോയ കുട്ടിയെ 27നു വൈകീട്ടാണ് വെള്ള കാറിൽ വന്നു പത്മകുമാറും സംഘവും കടത്തിയത്. പിറ്റേ ദിവസം നീല നിറത്തിലുള്ള കാറിൽ ആശ്രാമം മൈതാനത്ത് എത്തിച്ചു എന്നാണ് കുട്ടിയുടെ മൊഴി.
അതിനിടെ സംഘത്തിലെ അംഗമായ യുവതി കുട്ടിയുമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വന്നിറങ്ങിയ നീല കാറിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഈ കാറിന്റെ നമ്പറും ഫോൺ നമ്പറും കണ്ടെത്തിയതും പത്മകുമാറിലേക്കുള്ള വഴി തുറന്നു. രാത്രി പൊലീസ് പത്മകുമാറിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ടവർ ലൊക്കേഷൻ പിന്തുടർന്നാണ് ഇവരെ തെങ്കാശിയിൽ നിന്നു പടികൂടിയത്. പത്മകുമാറിന്റെ ഫോട്ടോയെടുത്തു കൊല്ലത്തേക്ക് അയച്ച് കുട്ടിയെ കാണിച്ചു ഉറപ്പാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന് ക്യാമ്പിലായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്.