കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഐഎം തൃശൂർ ജില്ലാ ഘടകത്തിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആരോപണം. രണ്ട് അക്കൗണ്ടുകൾ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ വഴി വൻ തുകയുടെ ഇടപാടുകൾ നടന്നുവെന്നും ഇഡി സംശയിക്കുന്നു. ഇതു സംബന്ധിച്ചു രേഖാമൂലം ഇഡി സ്ഥിരീകരണം നടത്തിയിട്ടില്ല.
പാർട്ടി അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം നിയമപരമായി വെളിപ്പെടുത്തേണ്ടതാണ്. എന്നാൽ ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാരുടേതടക്കമുള്ള പേരുകളാണ് അക്കൗണ്ടുകൾ. രണ്ടിൽ കൂടുതൽ അക്കൗണ്ടുകളുണ്ടെന്നും ഇഡി സംശയിക്കുന്നു. ബിനാമി ലോണുകളുടെ കമ്മീഷൻ തുക ഈ അക്കൗണ്ടുകളിൽ എത്തി. ക്രമക്കേട് പുറത്തായതിനു പിന്നാലെ ഈ അക്കൗണ്ടുകളിലെ 90 ശതമാനം പണവും പിൻവലിച്ചു.
കരുവന്നൂരിലെ സോഫ്റ്റ്വെയറും ഡാറ്റകളടക്കമുള്ളവ ക്രൈംബ്രാഞ്ചിന്റെ കൈവശമാണ്. ഇതു ഇഡിക്ക് വിട്ടുനൽകിയിട്ടില്ല. ഇവ പരിശോധിച്ചാൽ ഇത്തരം അക്കൗണ്ടുകൾ കണ്ടുപിടിക്കാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
അക്കൗണ്ടുകളിലെ പണമിടപാടി സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സിപിഎം തയ്യാറായിട്ടില്ല. ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങളെ കുറിച്ചു വ്യക്തമായ മറുപടി നൽകിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാന സെക്രട്ടറിയോടു ചോദിക്കണമെന്നു വർഗീസ് മൊഴി നൽകിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.