കൊച്ചി : ഐഎന്‍എസ് വിക്രാന്ത് കാണണമെന്ന പ്രൊഫ. എം കെ സാനുവിന്റെ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി. ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതിനു ശേഷമാണ് എം.കെ. സാനു അത് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് സുരേഷ് ഗോപി പ്രധാനമന്ത്രിയെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിക്കുകയും അനുമതി വങ്ങുകയും ആയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സുരേഷ് ഗോപിയും എം കെ സാനുവും അടങ്ങുന്ന സംഘം കപ്പല്‍ശാലിയിലെത്തിയത്. കമാന്‍ഡിങ് ഓഫീസര്‍ വിദ്യാധര്‍ ഹാര്‍ക്കെയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്. ഒന്നര മണിക്കൂര്‍ കാപ്പലില്‍ ചെലവിഴിച്ചശേഷം 4.30 ടെയാണ് സംഘം മടങ്ങിയത്. ”പുസ്തകങ്ങളുടെയും ജനങ്ങളുടെയും ഇടയില്‍ ജീവിച്ചപ്പോഴും ഇങ്ങനെയൊരു അസുലഭ നിമിഷം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല” ഐ.എന്‍.എസ്. വിക്രാന്ത് കണ്ട ശേഷം പ്രൊഫ. എം കെ സാനു പ്രതികരിച്ചു.
പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് നല്കുന്ന ചടങ്ങില്‍നിന്ന് എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയെന്ന വിവാദങ്ങള്‍ക്കിടെയായിരുന്നു എം കെ സാനുവിനെ ഐഎന്‍എസ് വിക്രാന്ത് കാണിക്കാന്‍ സുരേഷ് ഗോപി കൊണ്ടുപോകുമെന്ന് പറഞ്ഞത്. ”ആ പുരസ്കാര വിതരണ വേദിയില്‍ എനിക്ക് നഷ്ടമായ അവകാശത്തെ ഇതിലൂടെ ഞാന്‍ തിരികെപ്പിടിക്കുകയാണെന്നും” സുരേഷ് ഗോപി പറഞ്ഞു.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സാനു മാഷുമായി വിക്രാന്തിലെത്തുന്നതിനായിരുന്നു ആദ്യ ശ്രമം. പക്ഷേ, നീറ്റിലിറക്കിയതിനുശേഷമുള്ള ആദ്യത്തെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി കപ്പല്‍ ഡ്രൈ ഡോക്കിലായതിനാല്‍ ഡിസംബറിലേക്ക് നിശ്ചയിക്കുകയായിരുന്നു.