കൊല്ലം : ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതി പത്മകുമാറിലേക്ക് പൊലീസിനു എളുപ്പം എത്താൻ സാധിച്ചത് രേഖാചിത്രത്തിന്റെ കൃത്യതയായിരുന്നു. ചിത്രകലാ ദമ്പതിമാരായ ആർബി ഷജിത്ത്, സ്മിത എം ബാബു എന്നിവരാണ് രേഖാ ചിത്രം തയ്യാറാക്കിയത്. ഇരുവർക്കും വലിയ അഭിനന്ദനമാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചത്. കുട്ടിയുടെ ഓർമ ശക്തിയാണ് ചിത്രത്തിന്റെ കൃത്യതയ്ക്കു പിന്നിലെന്നു ദമ്പതിമാർ പറയുന്നു. ഇരുവരും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും ശ്രദ്ധേയമായി.
ഫെയ്സ്ബുക്ക് കുറിപ്പ് :-
കൊല്ലം ഓയൂരിലെ അഭിഗേൽ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോൾ ACP പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നൽകി. പിന്നീട് അഭിഗേൽ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണ്ണായക കാരണം പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണങ്ങൾക്കൊപ്പം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം . കൂടെ ഉറക്കമൊഴിച്ച് ഞങ്ങളുടെ കൂടെ നിന്ന പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്പോൺസ് , മറ്റ് സുഹൃത്തുക്കൾ ….. എല്ലാവർക്കും നന്ദി ……, സ്നേഹം അഭിഗേൽ സാറ (ഞങ്ങളുടെ മിയ കുട്ടി ) നിർണ്ണായക അടയാളങ്ങൾ തന്നതിന്.