റായ്പുർ : ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. റിങ്കു സിങ്, യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശര്‍മ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഓപ്പണർമാരായ യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 28 ബോളില്‍ നിന്ന് ജയ്സ്വാള്‍ 37 റണ്‍ നേടിയപ്പോള്‍ ഋതുരാജ് 28 ബോളില്‍ നിന്ന് 32 നേടി. രണ്ടു പേരും പുറത്തായതിനു പിന്നാലെ എത്തിയ ശേയസ് അയ്യര്‍ (8), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്(1) എന്നിവര്‍ നിരാശപ്പെടുത്തി.
തുടര്‍ന്ന് എത്തിയ റിങ്കുസിങ്ങും ജിതേഷ് ശര്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മെച്ചപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 29 ബോളില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 46 റണ്‍സാണ് റിങ്കു സിങ് നേടിയത്. 19 ബോളില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറും അടക്കം 35 റണ്‍സാണ് ജിതേഷ് നേടിയത്. എന്നാല്‍ പിന്നാലെ എത്തിയ എല്ലാവരും നിരാശയാണ് സമ്മാനിച്ചത്. അവസാന ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്. ഓസീസിനായി ബെന്‍ ഡാര്‍ഷുയിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. തന്‍വീര്‍ സംഗയും ജേസണ്‍ ബെഹ്റന്‍ഡോര്‍ഫും രണ്ട് വിക്കറ്റ് വീതം നേടി.