തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് തിരി തെളിച്ചത് ശാസ്ത്രിയ മികവില്‍. നിലവിളക്കില്‍ മണ്‍ചെരാത് വച്ച ശേഷം അതില്‍ വച്ചിരുന്ന എല്‍ഇഡി ബള്‍ബ് വെള്ളമൊഴിച്ച് കത്തിച്ചാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇന്നലെ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തത്.
സയന്‍സ് എക്സിബിഷന് എങ്ങനെ ഉദ്ഘാടനം ചെയ്യണമെന്നതിനുള്ള പൊതുമാനമാണ് ഇവിടെ നിന്ന് പഠിച്ചതെന്ന് ഷംസീര്‍ പറഞ്ഞു. ഇനി ഞങ്ങളെല്ലാം ഈ ഒരു മാനദണ്ഡം പാലിച്ചുകൊണ്ട് വിവിധ ഉദ്ഘാടന പരിപാടികള്‍ അങ്ങനെ ആലോചിക്കുമെന്ന് ചടങ്ങിന് മുന്‍പാകെ ഉറപ്പുനല്‍കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
ചെരാതില്‍ തയ്യാറാക്കിയ സെല്ലുകളും എല്‍ഇഡി ബള്‍ബുകളും അടങ്ങിയ ലഘുവൈദ്യുത സര്‍ക്യൂട്ടിലേക്ക് വെള്ളം ഒഴിച്ച ശേഷം ആ വെള്ളം വൈദ്യുത ചാലകമായി പ്രവര്‍ത്തിച്ചാണ് ദീപം തെളിഞ്ഞത്.