കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ താൽകാലിക വൈസ്ചാൻസിലറുടെ ചുമതല ഡോ. ബിജോയ് എസ്. നന്ദന് നൽകും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മറൈൻ ബയോളജി വിഭാഗം പ്രഫസറാണ് ബിജോയ് നന്ദൻ. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവ് ഉടൻ പുറത്തിറക്കും. അക്കാദമിക് അഡ്മിനിസ്ട്രേഷന്, ഗവേഷണം, അധ്യാപനം എന്നിവയില്‍ 29 വർഷത്തെ പ്രവർത്തന പരിചയമുള്ളയാളാണ് ബിജോയ് നന്ദൻ.
മുൻ കണ്ണൂർ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നല്‍കാനുള്ള ഗവർണറുടെ തീരുമാനം. 1993-ല്‍ ഇന്ത്യയിലെ മികച്ച ഡോക്ടറൽ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു അവാർഡ് (ഐസിഎആർ), യുനെസ്കോ ഫെലോഷിപ്പ് (2008), സെഡ്എസ്ഐയുടെ അംഗീകാര അവാർഡ് (2008), യുഎസ് ഫുൾബ്രൈറ്റ് ഫെലോഷിപ്പ് (2013-2014), യുജിസി-ബിഎസ്ആർ മിഡ്-കരിയർ അവാർഡ് (2021) എന്നിവ നേടിയിട്ടുണ്ട്.
കണ്ണൂർ വൈസ് ചാൻസിലർ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് സുപ്രീംകോടതി വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. പുനർനിയമനം ചട്ട വിരുദ്ധമെന്ന് വിലയിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുനർനിയമനത്തിൽ ഗവർണർക്ക് മേൽ ബാഹ്യ സമ്മർദ്ദമുണ്ടായെന്നും കോടതി കണ്ടെത്തി. പുറത്താക്കപ്പെട്ട ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്ന് വ്യക്തമാക്കി.