കൊല്ലം : ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിൽ കുട്ടിയുടെ പിതാവിനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും. അന്വേഷണത്തിൻ്റെ ഭാഗമായിയുണ്ടായ സംശയത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പിതാവിൻ്റെ മൊഴി വീണ്ടുo എടുക്കുന്നത്. പ്രതികൾക്കായി കൊല്ലം ജില്ലയ്ക്ക് പുറത്തേക്കുo അന്വേഷണം വ്യാപിപ്പിച്ചു.
കേസിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.
ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട് ചിറക്കര സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇയാളാണ് കാർ വാടകയ്ക്ക് കൊടുത്തതെന്നാണ് സൂചന.ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിക്കാനുണ്ട്. കേസിൽ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവായ റെജി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്.
പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകുന്നേരം പൊലീസെത്തി പരിശോധിച്ചത്.കേസിൽ അന്വേഷണം നഴ്സിംഗ് സംഘടനയിലേക്കും നീളുകയാണെന്ന് വ്യാഴാഴ്ച റിപ്പോർട്ട് വന്നിരുന്നു. നഴ്സുമാരുടെ സംഘടനയിലെ തർക്കമാണ് പൊലീസ് അന്വേഷണ പരിധിയിലുള്ളത്. കുട്ടിയുടെ പിതാവ് റെജി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ്. ഈ സ്ഥാനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.