തിരുവനന്തപുരം: പ്രമുഖ നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്.
100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. വിജയ് നായകനായി വേഷമിട്ട ബീസ്റ്റിലും അഭിനയിച്ചിരുന്നു. നിരവധി പരസ്യങ്ങളിലും ടെലിഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. നടിയും നർത്തകിയുമായ താരകല്യാൺ മകളാണ്.