തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് ആരംഭിക്കും. മെഡിക്കൽ കോളജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി അധ്യായനവും, രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
പണി മുടക്കുന്ന അധ്യാപകര്‍ അവലോകന യോഗങ്ങൾ, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും. അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ചട്ടപ്പടി സമരം കൂടുതൽ ശക്തമാക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്കറും, സെക്രട്ടറി ഡോ. റോസ്നാര ബീഗവും അറിയിച്ചു.