കൊല്ലം: ഓയൂരിലെ ആറു വയസ്സുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തട്ടികൊണ്ട് പോയ ദിവസം രാത്രി താമസിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. പോകുന്ന വഴി പലയിടത്തും വാ പൊത്തി പിടിച്ചുവെന്നും തന്റെ തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്നും കുട്ടി പറയുന്നു.
ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും കുട്ടിയുടെ ആരോഗ്യനിലയും മാനസികനിലയും ഭേദപ്പെട്ടതിന് ശേഷമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.താമസിപ്പിച്ച സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ കണ്ടുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയതിന് പിറ്റേ ദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലുമായിരുന്നുവെന്നാണ് മൊഴി. തന്നെ ആശ്രാമത്ത് കൊണ്ട് വിട്ടപ്പോൾ പപ്പവരുമെന്ന് പ്രതികൾ അറിയിച്ചതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. വാഹനത്തിൽ നാല് പേരുണ്ടായിരുന്നെന്ന് തന്നെയാണ് കുട്ടി ആവർത്തിക്കുന്നത്. പക്ഷേ ഇവരുടെ മുഖം വ്യക്തമായി കുട്ടിക്കോർമയില്ല. പിറ്റേ ദിവസം രാവിലെ കൂടുതൽ ആളുകളെ കണ്ടുവെങ്കിലും ഇവർ ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും കുട്ടിക്കറിയില്ല.
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ നാലു പേർ മാത്രമല്ലെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ചൊവ്വാഴ്ച കുട്ടിയെ വഴിയിലിറക്കി വിടുമ്പോൾ പപ്പ വരുമെന്ന് പ്രതികൾ പറഞ്ഞിരുന്നതിനാലാണ് കുട്ടി കരയാതെ നിന്നത് എന്നും പൊലീസ് അനുമാനിക്കുന്നു. കുട്ടിയുടെ മൊഴിയും ഫോൺ രേഖകളും വെച്ച് അന്വേഷണം ദ്രുതഗതിയിലാക്കുകയാണ് പൊലീസ്.