കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. കൽപറ്റയിൽ കെ.കെ. അബുവിനെ തോൽപിച്ചായിരുന്നു തുടക്കം. തുടർന്ന് തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. ഒരിടവേളക്കുശേഷം 1991ൽ തിരുവമ്പാടിയിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. എന്നാൽ തോൽവിയായിരുന്നു ഫലം. 1996ലും 2001ലും തോറ്റതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി.
കോൺഗ്രസിൽ നിന്ന് തെറ്റി എൻസിപിയിലേക്ക് പോയ സിറിയക്ജോൺ മൂന്ന് വർഷം സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തി. എന്നാൽ, 2007ൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താമരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളാണ്.