കൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പിജി മനുവിനെ പുറത്താക്കി. അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു.
മനുവിനെതിരെ യുവതി നല്കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തുടര്‍ന്ന് ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലിന് രാജിനല്‍കുകയായിരുന്നു. രാജി അഡ്വക്കേറ്റ് ജനറല്‍ നിയമസെക്രട്ടറിക്ക് കൈമാറും.
മാനഭംഗക്കേസിലെ ഇരയായ യുവതിയാണ് നിയമസഹായം തേടി സീനിയര്‍ ഗവണ്മെന്റ് പ്ലീഡറെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 11ന് ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.