കൊച്ചി : കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടു കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍
ഇന്ന് ഹാജരാകാന്‍ ഗോകുലം ഗോപാലന് സമന്‍സ് അയച്ചിരുന്നു. ബാങ്കിലെ ഡെയ്ലി ഡെപ്പോസിറ്റ് സ്കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കസ്റ്റമര്‍ അനില്‍കുമാറുമായി ബന്ധപ്പെട്ടാണ് തന്നെ ചോദ്യം ചെയ്തതെന്ന് ഗോകുലം ഗോപാലന് പറഞ്ഞു. കരുവന്നൂര്‍ കേസുമായി നേരിട്ട് തനിക്ക് യാതൊരു ബന്ധവുമില്ല. അനില്‍ കുമാറിന്റെ ഡോക്യുമെന്റ്സ് തന്റെ കൈവശമുണ്ട്. അതിന്റെ വിശദീകരണം ചോദിക്കാനാണ് ഇഡി വിളിപ്പിച്ചതെന്ന് ഗോകുലം ഗോപാലന് മാധ്യമങ്ങളോട് പറഞ്ഞു.
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 12,000 ത്തോളം പേജുകളാണ് കുറ്റപത്രത്തിലുള്ളത്. ബിജോയിയാണ് കേസിലെ മുഖ്യപ്രതി. 90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.