ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ഇതുസംബന്ധിച്ച് ബിസിസിഐയുമായി കരാർ പുതുക്കി. അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ കരാര്‍ നീട്ടി നല്കി.
കരാര്‍ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ പരമ്പര ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആയിരിക്കും. നിലവില്‍ ഓസ്ട്രേലിയയുമായി നടക്കുന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യന്‍ ടീമിനെ വി.വി.എസ്. ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്. “രാഹുല്‍ ദ്രാവിഡിന്റെ പ്രൊഫഷണിലിസവും കാഴ്ചപ്പാടും കഠിനാദ്ധ്വാനവും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ തന്ത്രപരമായ മാര്‍ഗനിര്‍ദേശത്തിന്റെ തെളിവാണ്. കോച്ചായി തുടരാനുള്ള ഓഫര്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം വിജയകരമായ യാത്ര തുടരും’. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.