കോഴിക്കോട്: നവകേരള സദസ് പ്രതിഷേധത്തിനിടെ കെഎസ്യു പ്രവർത്തകന്റെ കഴുത്തിൽ പോലീസ് ഞെരിച്ചതിൽ പ്രതിഷേധിച്ച് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
സ്ഥലത്ത് നിന്നും പ്രവർത്തകർ മാറി നിന്നുവെങ്കിലും ഇവർ സ്ഥലത്ത് നിന്നും പിന്തിരിഞ്ഞു പോകാൻ തയാറായിട്ടില്ല. ഇവിടെ സംഘർഷ സാഹചര്യമാണ് നിലനിൽക്കുന്നത്. യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ. ബൈജുവാണ് കെഎസ്യു പ്രവർത്തകൻ ജോയലിന്റെ കഴുത്ത് ഞെരിച്ചത്.