ഗുവാഹതി : അവസാന പന്ത് വരെ തകർത്തടിച്ച മാക്സ്വെല്ലിന്റെ കരുത്തിൽ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം. 48 പന്തിൽ 104 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലിന്റെ ബാറ്റിങ് കരുത്തിലാണ് ഓസീസ് ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്.
റിതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തിലാണ് ഓസീസിനെതിരെ ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 222 റൺസ് നേടി. 57 പന്തിൽ ഏഴ് സിക്സറുകളും 13 ഫോറുമടക്കം ഗെയ്ക്വാദ് 123 റൺസ് നേടി. സൂര്യകുമാർ യാദവും തിലക് വർമയും മികച്ച പിന്തുണ നൽകി ഇന്ത്യൻ സ്കോറിനെ മുന്നോട്ട് നയിച്ചു.
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. യശസ്വി ജയ്സ്വാളിനെയും ഇഷാൻ കിഷനെയും തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഇന്ത്യയെ റിതുരാജ് മികച്ച ഇന്നിങ്സിലൂടെ മുന്നോട്ട് നയിക്കുകയായിരുന്നു. സൂര്യകുമാർ യാദവുമായി ചേർന്ന് ഗെയ്ക് വാദ് മൂന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. സൂര്യകുമാർ യാദവ് 29 പന്തിൽ 39 റൺസ് നേടി.
പിന്നാലെയെത്തിയ തിലക് വർമയുമായി ചേർന്നാണ് ഗെയ്ക് വാദ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 പന്തിൽ 142 റൺസാണ് നേടിയത്. തിലക് വർമ 24 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്നു.