ഗുവാഹാട്ടി : ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 57 പന്തുകള്‍ നേരിട്ട ഋതുരാജ് 13 ഫോറും ഏഴ് സിക്സും നേടി 123 റണ്‍സോടെ പുറത്താകാതെ നിന്നു.
ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ എന്ന നേട്ടവും ഋതുരാജ് സ്വന്തമാക്കി. ആദ്യ 22 പന്തുകളില്‍ വെറും 22 റണ്‍സ് മാത്രമെടുത്ത താരം പിന്നീട് നേരിട്ട 35 പന്തുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് 101 റണ്‍സാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പിഴച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ യശസ്വി ജയ്സ്വാള്‍ (6) രണ്ടാം ഓവറില്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ അക്കൗട്ട് തുറക്കും മുമ്പ് ഇഷാന് കിഷനും (0) മടങ്ങിയതോടെ തുടക്കം തന്നെ നിരാശ സൃഷ്ടിച്ചു.
തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്സിന് ജീവന് വെച്ചു. ഋതുരാജ് നിലയുറപ്പിക്കാന്‍ പ്രയാസപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സൂര്യയുടെ കടന്നാക്രമണമാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ അനക്കം സൃഷ്ടിച്ചത്. 11-ാം ഓവറില്‍ ആരോണ്‍ ഹാര്‍ഡിയുടെ പന്തില്‍ സൂര്യയ്ക്ക് പിഴച്ചു. വെയ്ഡിന് ക്യാച്ച്. 29 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഋതുരാജിനൊപ്പം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യയുടെ പുറത്താകല്‍.
തിലക് വര്‍മയെ കൂട്ടുപിടിച്ച് 141 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് മികച്ച സ്കോറാണ് ഋതുരാജ് കെട്ടിപ്പടുത്തത്. 24 പന്തുകള്‍ നേരിട്ട തിലക് 31 റണ്‍സോടെ പുറത്താകാതെ നിന്നു. 142 റണ്‍സാണ് അവസാന 10 ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത്. ഓസീസ് ബൗളര്‍മാര്‍ 23റണ്‍സ് അധികമായി വഴങ്ങുകയും ചെയ്തു.