ഉത്തരകാശി : ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത് രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളി സഹോദരങ്ങളെ രക്ഷപ്പെടുത്തിയത് എല്ലാവരേയും വികാരഭരിതരാക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
‘നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്ന് തുരങ്കത്തില്‍ കുടുങ്ങിയ സുഹൃത്തുക്കളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ഒപ്പം നല്ല ആരോഗ്യവും. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ നമ്മുടെ ഈ സുഹൃത്തുക്കള്‍ അവരുടെ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നല്കുന്ന കാര്യമാണ്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിക്കുന്ന ക്ഷമയും ധൈര്യവും അഭിനന്ദിക്കാതിരിക്കാനാവില്ല. ഈ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ആത്മവീര്യത്തിന് മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അവരുടെ ധീരതയും നിശ്ചയദാര്‍ഢ്യവും നമ്മുടെ തൊഴിലാളി സഹോദരങ്ങള്‍ക്ക് പുതുജീവന്‍ നല്കി. ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും മനുഷ്യത്വത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും അത്ഭുതകരമായ മാതൃകയാണ് സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി കുറിച്ചു.
17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിസന്ധികള്‍ ധാരാളം ഉണ്ടായി. എല്ലാറ്റിനേയും തരണം ചെയ്താണ് 41 പേരെയും രക്ഷപ്പെടുത്താനായത്.