കൊച്ചി : പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയത് കണ്ണൂരിൽ നിന്ന്. രാത്രി 12.30 ഓടെ ട്രെയിനിൽ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പൊലീസ് കണ്ണൂരിലെത്തി പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചു.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം പെൺകുട്ടികളെ വീട്ടുകാർക്ക് വിട്ടു നൽകുമെന്നാണ് വിവരം. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്.
ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവർ സ്കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ വഴക്കു പറഞ്ഞതിനാലാണ് വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. പെൺകുട്ടി കൂട്ടുകാരിയെയും ഒപ്പംകൂട്ടുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.