ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം പുനഃരാരംഭിച്ചു. മലയില്‍ നിന്നും ലംബമായി തുരക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുനന്ത് തിരശ്ചീനമായിട്ടുള്ള ഡ്രില്ലിങ്ങിന് പ്രതിബന്ധങ്ങള്‍ നേരിട്ടത്തോടെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്തുന്നത്.
ഡ്രില്ലിങ്ങ് 31 മീറ്ററോളം പൂര്‍ത്തിയായതായി ആർമി എഞ്ചിനീയറിങ് വിഭാഗം മുൻ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹർപാൽ സിങ് അറിയിച്ചു. തുരങ്കത്തിലെത്താന്‍ 86 മീറ്റര്‍ താഴേക്ക് തുരക്കണം. എന്തെങ്കിലും തടസ്സമുണ്ടോ എന്നറിയാനായി 200 എംഎം വ്യാസമുള്ള പൈപ്പുകൾ ലംബമായി കടത്തിവിട്ടു. ഇത് 70 മീറ്ററോളം സുഗമമായി ചെന്നതായി ലെഫ്റ്റനന്റ് ജനറൽ ഹർപാൽ സിങ് പറഞ്ഞു.
അതോടൊപ്പം തന്നെ തുരങ്കത്തിൽ അടിഞ്ഞിട്ടുള്ള അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ നീക്കം ചെയ്യുന്ന ജോലിയും പുനരാരംഭിച്ചിട്ടുണ്ട്. എല്ലാം ശരിയായി നടക്കുകയും മറ്റു തടസ്സങ്ങളൊന്നും നേരിടാതിരിക്കുകയും ചെയ്താൽ 24-36 മണിക്കൂറിനുള്ളിൽ 10 മീറ്റർ ദൂരം മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മാനുവൽ ഡ്രില്ലിങ്ങിനായി റാറ്റ്-ഹോൾ ഖനിത്തൊഴിലാളികളുടെ ആറംഗ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിലൂടെ സ്ഥാപിക്കുന്ന 800-എംഎം വ്യാസമുള്ള പൈപ്പുകളിലൂടെ ഇവരെ കടത്തിവിടും. ഇവർ അതിലൂടെ അകത്തുകയറി അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തൊഴിലാളികൾ കുടുങ്ങിയ സ്ഥലത്തേക്കുള്ള പാത സുഗമമാക്കും.
ഹെൽമറ്റ്, യൂണിഫോം, മുഖംമൂടി, കണ്ണട എന്നിവ ധരിച്ചാണ് റാറ്റ്-ഹോൾ ഖനിത്തൊഴിലാളികൾ പൈപ്പുകൾക്കുള്ളിൽ പോകുന്നത്.800 എംഎം വ്യാസമുള്ള പൈപ്പുകളിലൂടെ പോകുന്നത് ബുദ്ധിമുട്ടേറിയതായിരിക്കില്ലേ എന്ന ചോദ്യത്തിന്, 600 എംഎം വ്യാസമുള്ള പൈപ്പുകളിലൂടെ പോലും അവശിഷ്ടങ്ങൾ വൃത്തിയാക്കിയ അനുഭവമുണ്ടെന്ന് റാറ്റ്-ഹോൾ ടീം അംഗം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്താനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനനവും, ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയും അദ്ദേഹം അന്വേഷിച്ചു. തൊഴിലാളികളുടെ ആരോഗ്യസ്ഥിതി മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് റോബോട്ടിക്സ് എക്സ്പെര്‍ട്ട് മിലിന്ദ് രാജ് പറഞ്ഞു.
ടണലിലെ ഡ്രില്ലിങ്ങിനിടെ ഒടിഞ്ഞ് കുടുങ്ങിപ്പോയ ഓഗര്‍ മെഷീനിന്റെ ബ്ലേഡ് അടക്കമുള്ള യന്ത്രഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഡ്രില്ലിങ്ങ് സുഗമമായത്. രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കിയതായി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. സില്‍ക്യാര ടണലിലെ നിര്‍മ്മാണ ജോലിക്കിടെ 41 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് 16 ദിവസമായി.