കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ. കോൺഗ്രസ്, ലീഗ് നേതാക്കൾക്കെതിരെയാണ് നടപടി. കോൺഗ്രസ് നേതാവ് എൻ. അബൂബക്കറിനെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡി.സി.സി അധ്യക്ഷനാണ് ഇക്കാര്യം അറിയിച്ചത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് എൻ.അബൂബക്കർ. ഇദ്ദേഹത്തെ കൂടാതെ രണ്ട് ലീഗ് നേതാക്കൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
കൊടുവള്ളി നിയോജകമണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് മുസ്ലിം ലീഗിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ലീഗ് സംസ്ഥാന സമിതിയാണ് നടപടി അറിയിച്ചത്.
നവകേരളാ സദസ് ബഹിഷ്കരിക്കണമെന്നും നേതാക്കളാരും പങ്കെടുക്കരുതെന്നും നേരത്തെ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഇവർ മൂന്നു പേരും പങ്കെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.